തൂഫാൻ തദ്ദേശം

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഗ്രാമപഞ്ചായത്തിലും ഔദ്യോഗികമായി ആരംഭിച്ചു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടാമ്പി പോലീസുമായി ചേര്‍ന്ന് തൂഫാന്‍ തദ്ദേശം പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്‍റ് ശ്രീ. പി.പി.വിജയന്‍ തൂഫാന്‍ ഫ്ലാഗ് ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഫ്ലാഗ് ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം പട്ടാമ്പി എസ്.ഐ ശ്രീ. ഹംസയുടെ നേതൃത്വത്തില്‍ തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം, 'തൂഫാന്‍ വാരിയര്‍' ബാഡ്ജ് വിതരണം, ബോധവല്‍ക്കരണ ക്ലാസ്, വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. സംസ്ഥാന തല ഉദ്ഘാടനത്തിന്റെ വീഡിയോ സ്ട്രീമിംഗ് പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ലഹരി വിപത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധം തീർക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.വാർഡ് തലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ സമിതികൾ’ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗുകൾ എന്നിവയ്‌ക്കൊപ്പം ലഹരിക്കെണിയിൽ അകപ്പെടുന്നവർക്ക് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന ‘തൂഫാൻ കെയർ’ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.  

നാടിന്റെ ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിനായുള്ള ഈ യത്നത്തിൽ മുഴുവൻ നാട്ടുകാരുടെയും, യുവജന സംഘടനകളുടെയും, രക്ഷിതാക്കളുടെയും സജീവമായ സഹകരണം ഗ്രാമപഞ്ചായത്ത് അധികൃതർ അഭ്യർത്ഥിക്കുന്നു.ലഹരി വിൽപ്പനയോ ഉപയോഗമോ സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ (വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ട്) അറിയിക്കാവുന്നതാണ്

പോലീസ് ഹെൽപ്‌ലൈൻ: 9497979794, 9497927797   വാട്‌സാപ്പ് നമ്പർ: 9995966666